ഡോ. സി.പത്മനാഭൻ

ആധുനിക ചികിത്സാ രംഗത്തെ കുത്തൊഴുക്കിനിടയിൽ അന്യം നിന്നു പോകുമെന്നു ഭയന്നിരുന്ന ഹോമിയോ എന്ന വിഭാഗത്തെ ഒരു ജനതയുടെ വിശ്വാസ്യതയുമായി അരക്കിട്ടുറപ്പിച്ച പ്രാഗത്ഭ്യത്തിന്റെ പേരാകുന്നു, ഡോ. സി.പത്മനാഭൻ എന്നത്.. കുഞ്ഞുങ്ങളുടെതു മാത്രമെന്നു കരുതിയിരുന്ന ഹോമിയോ ചികിത്സാ വിധിയെ മുതിർന്നവർക്കു കൂടിയുള്ള എല്ലാ രോഗങ്ങൾക്കുമുള്ള ചികിത്സാ രീതിയാണെന്ന് ബോധ്യപ്പെടുത്തിയതിൽ ഡോ.സി.പത്മനാഭനുള്ള സ്ഥാനം അദ്വിതീയമാണെന്നു തന്നെ പറയണം.. ഇന്ന് വെങ്ങര ഗ്രാമത്തെ ഉണർത്തുന്നതു പോലും ഡോ.സി. പത്മനാഭന്റെ വീടിനോടനുബന്ധിച്ചുള്ള ക്ലിനിക്ക് ആണെന്നു പറയണം. നേരം വെളുത്ത് ഇരുട്ടുവോളം ജന സഞ്ചയം ഒരു ഡോക്ടറുടെ ചികിത്സാ വിധിയിൽ വിശ്വാസമർപ്പിച്ച് കാത്തു കെട്ടി കിടക്കണമെങ്കിൽ അത് ഒരു ഡോക്ടറുടെ കൈപ്പുണ്യത്തിനു കിട്ടുന്ന അംഗീകാരമായി കരുതണം.. ചികിത്സ എന്നത് മരുന്നു വിതരണത്തിനപ്പുറം രോഗികൾ ഒരു ഭിഷഗ്വരനിൽ അർപ്പിക്കുന്ന വിശ്വാസമാണ്. ഒരർത്ഥത്തിൽ അത് ദേവാലയങ്ങളിലെ പ്രാർത്ഥനയ്ക്ക് അടുത്തു നില്ക്കുന്ന ഒരു സമർപ്പണമാണ്. വെങ്ങര ഗ്രാമം ഇന്ന് അറിയപ്പെടുന്നതിൽ മുഖ്യ ഹേതു ഡോ.സി.പത്മനാഭന്റെ ചികിത്സാ മാഹാത്മ്യവുമായി ബന്ധപ്പെട്ടാണ്.. രോഗികൾക്കു മാത്രമായി സമർപ്പിച്ചൊരു ജീവിത ചക്രമായി തീർന്നിരിക്കുന്നു, അദ്ദേഹത്തിന്റെ ദൈനം ദിനങ്ങൾ.. സ്വന്തം സ്വകാര്യതകൾ പോലും ഉപേക്ഷിക്കേണ്ട ഒരവസ്ഥയിലാണ് ഇന്ന് അദ്ദേഹം എത്തി നില്ക്കുന്നത്. സർക്കാർ സർവ്വീസിൽ നിന്നും വിടുതൽ നേടിയതിൽപ്പിന്നെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കപ്പെട്ടിരിക്കുന്നു. ഡോ.സി.പത്മനാഭനെ ഓർത്തെടുക്കുമ്പോൾ വെങ്ങര ഗവ. വെൽഫെയർ യു.പി.സ്കൂളിനെ പരാമർശിക്കാതെ വയ്യ. സാധാരണക്കാരുടെ ഈ വിദ്യാപീഠത്തിന്റെ സംഭാവനയാണ് അദ്ദേഹം ! സമൂഹത്തിന്റെ ഉയർന്ന തലങ്ങളിൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും എത്തിച്ചേർന്നിട്ടുണ്ടെങ്കിലും ഡോ.സി. പത്മനാഭനോളം മറ്റൊരു മഹത് വ്യക്തിത്വങ്ങളും സമാരാധ്യത കൈ വരിച്ചിട്ടില്ലെന്നത് സ്കൂളിനെ സംബന്ധിച്ച് അഭിമാനാർഹമായ നേട്ടമായി കണക്കാക്കണം.. സമീപ പ്രദേശങ്ങളെ വെങ്ങരയുമായി ബന്ധിപ്പിച്ചു നിർത്താൻ ഒരു പാലമായി നില കൊള്ളുന്ന ഡോ.സി.പത്മനാഭൻ നാടിന്റെ പൊതു സ്വത്തെന്ന നിലയിൽ ഇനിയമേറെക്കാലം വെങ്ങര ഗ്രാമത്തിൽ തന്റെ വ്യക്തി മുദ്രയുടെ കൊടിക്കൂറയായി അടയാളപ്പെടുക തന്നെ ചെയ്യും. ഒരു ഗ്രാമത്തിന്റെ പുണ്യമാവാൻ കഴിയുന്ന ജന്മ സുകൃതം അദ്ദേഹത്തിന്റെ പേരിൽ കാലം കൊത്തി വെക്കുക തന്നെ ചെയ്യും…
തയ്യാറാക്കിയത് : മനോഹരൻ വെങ്ങര

By:
Posted: June 5, 2018
Category: Uncategorized
Comments: 0

Hey, like this? Why not share it with a buddy?

Event Calender