മാടായിപ്പാറ: .. ഓർമകൾ ......

മഴയുടെ വൈവിധ്യമാർന്ന താളം
അതിന്റെ സൗന്ദര്യത്തികവിൽ അനുഭവിച്ചറിയണമെങ്കിൽ മഴക്കാലത്ത് മാടായിപ്പാറയിലൂടെ നടക്കണം.
തനിച്ചാണെങ്കിൽ ഏറെ രസകരമാകും അത്.
ചിലപ്പോഴത് പൊടിമഴയാകും
മറ്റ്‌ ചിലപ്പോൾ നൂൽമഴയാകും
അവിചാരിതമായി അത് അത്യുഗ്രരൂപം പൂണ്ടുവരും..ശക്തിയേറിയ കാറ്റ് അകമ്പടിയായുണ്ടാകും.
എപ്പഴാ യാലും 40 ഡിഗ്രിയിലും 60 ഡിഗ്രിയിലുമൊക്കെ ചെരിഞ്ഞേ മഴ പെയ്യു .
കാറ്റും മഴയും വന്നാൽ പാറയിലൂടെ നടക്കുക ഏറെ പ്രയാസകരമാണ്. ആടിക്കാറുകൾക്കൊപ്പം
ഇടിമിന്നലും കടന്നു വന്നേക്കും.
സ്കൂൾ വിട്ടുപോരുന്ന കുട്ടികളുടെ
കുടകൾ കാറ്റ് അട്ടിമറിക്കും.
ചിലപ്പോൾ എടുത്തെറിയും.
പറന്നു പോകുന്ന കുടക്ക് പിറകെ ഒച്ചയും ബഹളവുമായി പാഞ്ഞു പോകന്ന പിള്ളേരുടെ കാഴ്ചക്കും
സാക്ഷ്യം വഹിച്ചിട്ടുണ്ട്.
നല്ല കാറ്റുണ്ടെങ്കിൽ അംഗവൈകല്യം വന്ന കടയുമായാണ് പലരും വീട്ടിലെത്തുക.എങ്കിലും മാടായിപ്പാറയിലെ മഴ ഒരനുഭവമാണ്.
മാടായി സ്കൂളിന്റെ പുറകിലെ
വിശാലമായ പാറക്കുളത്തിന്റെ കരയിലാണ് പണ്ട് കാലത്ത് കുട്ടികൾ
ഇത്തിരി പോന്ന ചോറ്റ് പാത്രവുമായി ഉച്ചയൂണിന് ഒത്തുകൂടുക.
മഴ വരുമ്പോൾ അടുത്ത് ചേർന്നിരുന്ന് കുടമറച്ച് പിടിച്ച് മഴക്ക് കവചം തീർക്കും
മഴ കുടക്കു മേൽ ചരൽ വാരിയെറിഞ്ഞ് രോഷം തീർക്കും.

ഹോട്ടലിലെ ചോറ് അന്ന് അപ്രാപ്യമാണ് പലർക്കും. വീട്ടിൽ നിന്ന്‌ ചോറെടുക്കും.പലപ്പോഴും അത് പഴങ്കഞ്ഞി ചൂടാക്കിയതാവാനും മതി.
കറി ഉണ്ടാവില്ല.
അഞ്ച് പൈസ കൊടുത്താൽ
കൃഷ്ണ ഭവൻ ഹോട്ടലിൽ നിന്നും അഴകൊഴമ്പൻ സാമ്പാറ് കിട്ടും.
ചായക്ക് 8 പൈസയും ഊണിന്
75 പൈസയുമാണ് എഴുപത്കളുടെ
ആദ്യ വർഷങ്ങൾ വരെ.
കഞ്ഞി വെള്ളം കൂട്ടിയിളക്കി നേർപ്പിച്ചതാണ് സാമ്പാറെന്ന് കൂട്ടുകാർ അടക്കം പറയും. എങ്കിലും വയറ് കാളുമ്പോൾ അത്
ഏറെ രുചികരമായിരുന്നു.

മഴ പെയ്താൽ മാടായിപ്പാറ
ചെറു നീർചാലുകൾ കൊണ്ട് നിറയും.
ചെറുനീർചാലുകൾ ചേർന്ന് കൊച്ചരുവികളാവും.
മൂന്ന് ശക്തമായ വെള്ളച്ചാട്ടങ്ങൾ രൂപപ്പെടും. ഒന്ന് മാടായി കക്കിത്തോട്ടിലേക്ക്.
മറ്റൊന്ന് തവരത്തടം വഴിപടിഞ്ഞാറോട്ട്.
വേറൊന്ന് പഴയ മുരിക്കേഞ്ചരി കേളുവിന്റെ കോട്ടക്കരികിൽ നിന്ന് വെങ്ങരയിലേക്ക്. വളരെ ഉയരെ നിന്നും നിപതിക്കുന്ന
ഈ ജലപാതം വർഷകാലത്തെ സുന്ദരദൃശ്യങ്ങളിലൊന്നായിരുന്നു.
ചൈനാ ക്ളെ ഖനനം ആസൗന്ദര്യക്കാഴ്ചയെ എന്നന്നേക്കുമായി മായ്ച് കളഞ്ഞു.

ഇന്ന് മഴ നനയൽ ഒരു ഉൽസവമാണത്രെ.
നമുക്കത് ദൈനംദിന അനുഭവമായിരുന്നു.
ഒരിക്കലും തിരിച്ചു വരാത്ത അനുഭവം....


By:
Posted: March 21, 2018
Category: Artist
Comments: 0

Hey, like this? Why not share it with a buddy?

Event Calender