ശ്രീ . കെ.കെ.ആർ വെങ്ങര

ശ്രീ . കെ.കെ.ആർ വെങ്ങരImage may contain: 1 person, glasses and close-up

ശ്രീ . കെ.കെ.ആർ വെങ്ങര
( ജനനം - 1957 മാർച്ച് - 3 )
വെങ്ങരയുടെ കൗതുകങ്ങൾ അടുത്തതായി സസ്നേഹം ആദരിക്കുന്ന വിശിഷ്ട വ്യക്തിത്വം- വിശേഷണങ്ങൾ അവശ്യമില്ലാത്ത വെങ്ങരയിലെ 'സർവ്വ കലാവല്ലഭൻ' ശ്രീ.കെ.കെ.ആർ.വെങ്ങര...
വെങ്ങരയിലെ ശ്രീ കരപ്പാത്ത് കുഞ്ഞിരാമന്റെയും ശ്രീമതി നാരായണിയുടെയും മകനായി ജനനം.
ശ്രീ . എം . എസ് . ശങ്കരനടിയോടി , കലാലയ ബാലകൃഷ്ണൻ മാസ്ററർ പയ്യന്നൂർ , ബാലഗോപാലൻ മാസ്ററർ (ഗീതാഞ്ജലി കോളേജ് ഓഫ് ഫൈൻ ആർട്സ്) എന്നിവരുടെ ശിഷണത്തിൽ ചിത്രകല അഭ്യസിച്ച അദ്ദേഹം പെയിന്റിംഗിലും ഡ്രോയിംഗിലും ഡിപ്ലോമ നേടിയിട്ടുണ്ട്. ശില്പകലയിലുള്ള പ്രാവീണ്യം അദ്ദേഹം സ്വയം ആർജ്ജിച്ചതാണ്. പുതിയങ്ങാടി ജമാ-അത്ത് ഹൈസ്ക്കൂളിലെ ചിത്രകലാധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2013-ൽ സർവ്വീസിൽ നിന്ന് വിരമിച്ചു . മികച്ച ശില്പി , ചിത്രകാരൻ , ഫോട്ടോഗ്രാഫർ , നാടകപ്രവർത്തകൻ , പ്രഭാഷകൻ ,സംഘാടകൻ, എഴുത്തുകാരൻ തുടങ്ങി സ്പർശിച്ച മേഖലകളിലൊക്കെ ഇന്ദ്രജാലം കാട്ടിയ വെങ്ങരയുടെ 'ജാലവിദ്യക്കാരൻ'..
അദ്ദേഹത്തിന്റെ സവിശേഷ കരചാതുര്യത്താൽ പിറവിയെടുത്ത ഉദാത്ത ശില്പങ്ങൾ,ക്ഷേത്ര കവാടങ്ങൾ , പ്രതിമകൾ, സ്മാരകങ്ങൾ, ദൃശ്യചാരുതയും ആശയ ഭംഗിയും ഒത്തു ചേർന്ന ചിത്രമെഴുത്തുകൾ എന്നിങ്ങനെ കെ.കെ.ആർ എന്ന പ്രതിഭാധനന്റെ സർഗവൈഭവം വിളിച്ചോതുന്ന അമൂല്യങ്ങളായ കലാസൃഷ്ടികൾ ഒട്ടനവധിയുണ്ട് .
വെങ്ങരയിൽ ഇന്ദിരാജി ക്ലബ്ബിനുവേണ്ടി മുൻ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധിയുടെ പ്രതിമ നിർമിച്ച് കൊണ്ട് ശില്പ രംഗത്ത് ചുവടുവെച്ച അദ്ദേഹം പിന്നീട് വെങ്ങരയിൽ തന്നെ രാജീവ് ഗാന്ധിയുടെ മനോഹരമായ ഒരു സ്തൂപവും നിർമ്മിക്കുകയുണ്ടായി.
പെരളശ്ശേരി എ.കെ.ജി സ്മാരകം, പയ്യന്നൂർ സുബ്രഹ്മണ്യഷേണായി സ്മാരകം , ഏഴോം കാക്കാമണി സ്മാരകം,
തുടങ്ങിയവ മൺമറഞ്ഞുപോയ പ്രഗത്ഭ വ്യക്തികളുടെ ജീവസ്സുററ പ്രതിമകളോടു കൂടി ശില്പഭംഗിയോടെ പണിതീർത്ത് നൽകിയത് അദ്ദേഹമായിരുന്നു.പി. ഇ.എസ് വിദ്യാലയം പയ്യന്നൂർ , രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂൾ പാനൂർ , താലൂക്ക് ഓഫീസ് കണ്ണൂർ , കൊക്കാട് ഗ്രന്ഥാലയം മണ്ടൂർ , തുടങ്ങിയ സ്ഥലങ്ങളിൽ രാഷ്ട്ര പിതാവിൻെറ സ്മരണയ്ക്കായി കെ.കെ.ആർ ഒരുക്കിയ 'ഗാന്ധി പ്രതിമ'കളും ശ്രദ്ധേയങ്ങളാണ്. ഒട്ടനവധി ക്ഷേത്രങ്ങൾക്ക് വേണ്ടി ശില്പസൗന്ദര്യമാർന്ന കവാടങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. മാടായിക്കാവ്, വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം, ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം, കതിരൂർ പുയ്യ്യോട്ട് കാവ് , മുണ്ടയാംപറമ്പ് ഇരിട്ടി തുടങ്ങിയ ക്ഷേത്ര കവാടങ്ങളിൽ അദ്ദേഹത്തിന്റെ നാമം സ്വർണ്ണലിപിയിൽ എഴുതി ചേർത്തിരിക്കുന്നു.
പ്രശസ്ത സാഹിത്യകാരനായ ശ്രീ . എം മുകുന്ദൻെറ 'മയ്യഴിപുഴയുടെ തീരങ്ങളിൽ' എന്ന നോവലിനെ ആധാരമാക്കി മാഹി പാർക്കിൽ അദ്ദേഹം തീർത്ത 100 അടി നീളമുളള റീലീഫ് ശില്പം സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതുപോലെ തന്നെ ധാരാളം പ്രശംസ പിടിച്ചു പറ്റിയതാണ് വളളുവൻ കടവിലെ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ പണിതീർത്ത 120 അടി നീളമുളള മുത്തപ്പൻെറ ചരിത്ര ശില്പം. ഏഴിമലയിൽ പണികഴിപ്പിച്ച കേരളത്തിലെ തന്നെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ( 41 അടി )അദ്ദേഹത്തിൻെറ സൃഷ്ടിവൈഭവത്തിന്റെ മകുടോദാഹരണമായി നിലകൊള്ളുന്നു.
കാനായി യമുനാതീരത്തിനു വേണ്ടി നിർമ്മിച്ച 57 അടി നീളമുളള 'മണൽ ശില്പവും', 15 അടി നീളമുളള ' 'രാജസ്ഥാൻ ഘോഷയാത്രയുടെ റിലീഫ് ശില്പവും' അദ്ദേഹത്തിൻെറ കരവിരുതിൽ പിറവിയെടുത്ത ഉദാത്ത കലാരൂപങ്ങളാണ്. ഇൻ്റീരിയർ ഡക്കറേഷൻെറ ഭാഗമായി സ്വകാര്യ വ്യക്തികൾക്ക് നിരവധി ശില്പങ്ങൾ അദ്ദേഹം രൂപകല്പന ചെയ്തിട്ടുണ്ട്.
ഡൽഹി, പൂനെ, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ,തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ വെച്ച് നടന്ന ദേശീയ- അന്തർദേശീയ പ്രദർശനങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൻെറ കലാവിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ അംഗമായിരുന്നു.
ചിത്രകലയുടെ പ്രചരണാർത്ഥം കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് , ജില്ലകളിലായി മുന്നൂറോളം സ്ലൈഡ് പ്രദർശനങ്ങളും പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.
മികച്ച സംഘാടകനായ അദ്ദേഹം നാദം വെങ്ങര , കസ്തൂർബാ വായനശാല &ഗ്രന്ഥാലയം, സാൻേറാസ് ക്ലബ്ബ് , കേരളാ ചിത്രകലാ പരിഷത്ത് , തുടങ്ങിയ സംഘടനകളിൽ സെക്രട്ടറിയായും പ്രസിഡൻറായും പ്രവർത്തിച്ചിരുന്നു.മാതൃഭൂമി സ്ററഡിസർക്കളിൻെറ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. നിലവിൽ പഴയങ്ങാടി പൗരവേദിയുടെയും ജനകലാ സാഹിത്യ പാഠശാലയുടെയും സെക്രട്ടറിയായി പ്രവർത്തിക്കുന്നു.
ഇബ്രാഹിം വെങ്ങരയുടെ 'ഇബിലീസിൻെറ ദുനിയാവ്' എന്ന ലഘു നാടകത്തിലൂടെ പന്ത്രണ്ടാം വയസ്സിൽ നാടകത്തിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ തന്നെ 'നെല്ലിച്ചക്രം', 'ഗഹ്വരം', 'കാളിഗ്രാമം' തുടങ്ങിയ നാടകങ്ങളിലും അടുത്തിടെ അരങ്ങേറിയ 'ബദ്റുൽ മുനീർ ഹുസ്നൂൽ ജമാൽ' എന്ന നാടകത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ തൻെറ അഭിനയ മികവ് കൊണ്ട് അവിസ്മരണീയമാക്കി.
സുരേഷ് ബാബു ശ്രീസ്ഥയുടെ ' ലോകായതം, കാല്പാടുകൾ, പൊരുൾമൊഴി എന്നീ നാടകങ്ങളിലും, ടി. പവിത്രൻ രചനയും സംവിധാനവും നിർവഹിച്ച മൂന്ന് നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കെ.പി ഗോപാലൻ സംവിധാനം ചെയ്ത പുലിജന്മം എന്ന നാടകത്തിൻെറ മുഖ്യ സംഘാടകനും അഭിനേതാവുമായിരുന്നു കെ.കെ.ആർ വെങ്ങര. നിരവധി ലഘുനാടകങ്ങൾ
സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം 'ഒരു ഗ്രാമത്തിൻെറ കഥ' , 'ജീവൻെറ പ്രയാണം' എന്നീ രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ നിരവധി ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. 'എതിർ ദിശ', 'സമയം'എന്നീ മാസികകൾക്ക് വേണ്ടി ഇല്ലസ്ട്രേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
നൂറിൻെറ നിറവ് , അടയാളം , കണ്ണൂരിൻെറ കഥ , എന്നീ മൂന്ന് ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട് ഈ ബഹുമുഖപ്രതിഭ.
തൻെറ കലാ ജീവിതത്തിന് കരുത്തേകാനായി ധാരാളം യാത്രകൾ ചെയ്യാറുള്ള അദ്ദേഹം അഞ്ച് തവണ ഹിമാലയത്തിലും ഇന്ത്യയിലുടനീളം നാൽപ്പതിലധികവും യാത്രകൾ ചെയ്തിട്ടുണ്ട്. കൂടാതെ ബാലി, ഭൂട്ടാൻ, തായ്ലൻറ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്.
കൈരളി ടിവിയ്ക്ക് വേണ്ടി പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത 'ഗോഡ്സ് ഓൺ കൺട്രി' എന്ന സിനിമയ്ക്ക് കലാ സംവിധാനം ഒരുക്കിയത് കെ. കെ.ആർ വെങ്ങര ആയിരുന്നു.തിരക്കുകൾ ഒഴിയാത്ത അദ്ദേഹം എന്നും വെങ്ങരയുടെ കലാസാംസ്ക്കാരിക രംഗത്തെ നിറസാനിധ്യമാണ്.ഇനിയും ഒട്ടേറെ അനശ്വരങ്ങളായ കലാസൃഷ്ടികൾ ഒരുക്കികൊണ്ട് അദ്ദേഹത്തിന്റെ കലാസപര്യ അനസ്യൂതം തുടരട്ടെ..

ഭാര്യ : നിഷി ,  മക്കൾ : കൃഷ്ണ, കാവേരി

സസ്നേഹം
വെങ്ങരയുടെ കൗതുകങ്ങൾ

 

 

 

 


By:
Posted: March 28, 2018
Category: Personalities
Comments: 0

Hey, like this? Why not share it with a buddy?

Comments

Event Calender